കൈയില്‍ ഒരു പൂക്കാലവുമായി, മനസ്സില്‍ നിറഞ്ഞ പൂന്തേനുമായി ഇരിവേറ്റി സി എച് എം കെ എം ഹൈസ്കൂളിലെ കൂട്ടം നിങ്ങളുടെ മുമ്പിലേക്ക് ...

Thursday, 30 January 2014

ഭാഷ


മലയാളഭാഷ ശ്രേഷ്ഠഭാഷ

  മാതൃഭാഷഏതൊരാള്‍ക്കും പറഞ്ഞറിയിക്കാനാകാത്ത ഒരു വികാരമാണ്. തീര്‍ത്തും അപരിചിതമായ ഒരു ലോകത്തേക്കു നാം ജനിച്ചു വീഴുന്നതുമുതല്‍ ചുറ്റുപാടുകളേയും ബന്ധങ്ങളെയും അറിയുന്നതും അറിയിക്കുന്നതും മാതൃഭാഷയിലൂടെയാണല്ലോ. അതുകൊണ്ട് മാതൃഭാഷ പെറ്റമ്മയെപ്പോലെ തന്നെ ഓരോരുത്തര്‍ക്കും പ്രിയങ്കരമായിത്തീരുന്നു.
ദൗര്‍ഭാഗ്യവശാല്‍ മലയാളിക്ക് ഈ വികാരം എത്രമാത്രം ഉള്‍ക്കൊള്ളാനായിട്ടുണ്ട് എന്നത് ചിന്തിക്കേണ്ടതാണ്. ഭാരതീയ പൈതൃക സാംസ്കാരിക സമ്പത്ത് മുഴുവന്‍ തന്നെ മലയാളിക്ക് പകര്‍ന്നു നല്‍കാന്‍ നമ്മുടെ മലയാളത്തിനു സാധിക്കുന്നുണ്ട്. സാഹിത്യത്തിനുള്ള ഇന്ത്യന്‍ പരമോന്നത ബഹുമതി പല വട്ടം മലയാളത്തെ തേടി വന്നിട്ടുണ്ട്. എന്നിട്ടും പുതു തലമുറക്ക് മലയാളത്തെ ഒരു രണ്ടാംകിട ഭാഷയായി മാത്രമേ കണക്കാനാകുന്നുള്ളൂ. മറ്റേതുസമൂഹത്തിനുമില്ലാത്ത ഈ പ്രത്യേകതക്കു കാരണമെന്തെന്നു നാം പരിശോധിക്കേണ്ടതില്ലേ.
ജോലിയും പണസമ്പാദനവും മാത്രം ജീവിതലക്ഷ്യമായി കാണുന്ന ഒരു വിഭാഗത്തിന് ഇത്തരമൊരു ചിന്തയുണ്ടാവുന്നതില്‍ അത്ഭുതമില്ല. സംസ്കാരചിത്തരായ ജനങ്ങളാണ് നാടിനാവശ്യമെന്ന പ്രാഥമിക ചിന്ത കുറഞ്ഞ പക്ഷം ഭരണാധികാരികളെങ്കിലും വച്ചുപുലര്‍ത്തേണ്ടതാണ്. എത്രയോ ഉന്നത ബിരുദധാരികള്‍, അറിവിന്റെ കുറവുകൊണ്ടല്ലല്ലോ കൊടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത്? യഥാര്‍ത്ഥ മൂല്യബോധത്തിലൂടെ സംസ്കാരചിത്തനായി ഒരുവനെ വളര്‍ത്തിയെടുത്താല്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാനാകൂ. അതിനു താങ്ങും തണലുമായി നില്‍ക്കാനാകുന്നത് മാതൃഭാഷയ്ക്കുമാത്രമാണ്.
ശ്രേഷ്ഠഭാഷയായി കേന്ദ്രസര്‍ക്കാര്‍ മലയാളത്തെ അംഗീകരിച്ചപ്പോഴും മലയാളി അതു വേണ്ടത്ര ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്നു സംശയമാണ്. നമ്മുടെ പൈതൃക സമ്പത്തിനെ മറ്റുള്ളവര്‍ അംഗീകരിച്ചാലും അതില്‍ സംശയദൃഷ്ടി പതിപ്പിക്കുന്ന മലയാളിക്ക് എന്തു മാനസികരോഗമാണ് എന്ന് പരിശോധിക്കേണ്ട സമയം അതിക്രമിച്ചില്ലെ?
ശ്രേഷ്ഠപദവിമൂലം ലഭിക്കുന്ന സാമ്പത്തികമടക്കമുള്ള സൗകര്യങ്ങള്‍ ഭാഷയുടെ വളര്‍ച്ചയ്ക്കും അതിനെ ജീവസ്സുറ്റതായി നിലനിര്‍ത്തുന്നതിനും ഉപയോഗിക്കേണ്ടതാണ്. മലയാളഭാഷാ പഠനം കൊണ്ട് ഒരാള്‍ക്കും അയാള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ജോലിയോ പഠനമോ നടത്തുന്നതിന് ചുരുങ്ങിയ പക്ഷം കേരളത്തിലെങ്കിലും തടസ്സം വന്നുകൂടാ. വിവരശാസ്ത്രസാങ്കേതികവിജ്ഞാനരംഗങ്ങളിലെ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ മലയാളത്തെ കൂടുതല്‍ പ്രാപ്തമാക്കേണ്ടതുണ്ട്. അന്യഭാഷാസാഹിത്യങ്ങളുടെ കൂടുതല്‍ മലയാളം വിവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. കോടതിയിലടക്കം സര്‍ക്കാര്‍ രേഖകളും ഫയലുകളുമെല്ലാം മലയാളത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ബിരുദതലം വരെ മലയാളഭാഷാപഠനം നിര്‍ബന്ധിതമാക്കുകയും സ്കൂള്‍തലത്തിലെ ബോധനമാധ്യമം മലയാളമാക്കുകയും വേണം. പ്രാചീനകൃതികളടക്കം എല്ലാ മലയാളപ്രസിദ്ധീകരണങ്ങളുടെയും ഡിജിറ്റല്‍ പതിപ്പുകള്‍ ലഭ്യമാക്കേണ്ടതുണ്ട്.
ആരോഗ്യ, എന്‍ജിനീയറിംഗ് രംഗത്തെ പഠനത്തിനുതകുന്നവിധം നമ്മുടെ മലയാളത്തെ വളര്‍ത്തേണ്ടതുണ്ട്. ദൃശ്യമാധ്യമങ്ങളിലടക്കം ശുദ്ധമലയാളം ഉറപ്പുവരുത്തേണ്ടതുണ്ട്. ആശയവിനിമയത്തിനു മലയാളം മാത്രം ഉപയോഗിക്കുന്നവരെ പ്രത്യേക പരിഗണന നല്‍കി പ്രോല്‍സാഹിപ്പിക്കേണ്ടതുണ്ട്.സിനിമകള്‍ക്കു തമിഴ് പേരുകള്‍ നല്‍കിയാല്‍ നികുതിയിളവുകളടക്കം ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്ന തമിഴ്‌നാടു സര്‍ക്കാര്‍ ഇതിനു മാതൃക കാട്ടിത്തരുന്നുണ്ട്.-മെയില്‍,ഇന്റര്‍നെറ്റ്,കമ്പ്യൂട്ടര്‍ തുടങ്ങിയവക്ക് അവര്‍ മാതൃഭാഷാപദങ്ങള്‍ പരിചിതങ്ങളാക്കി നെഞ്ചോടു ചേര്‍ത്തു കഴിഞ്ഞു.
ഇങ്ങനെ അറിവും തരിച്ചറിവും നല്‍കാന്‍ പ്രാപ്തമാക്കുന്ന ഒരുഭാഷയായി വളര്‍ത്തിയാല്‍ മാത്രമേ മലയാളവും അതുവഴി മലയാളിയും കേരളവും രക്ഷനേടൂ എന്ന് നാം മനസിലാക്കാണ്ടേതുണ്ട്. തമിഴ് അടക്കമുള്ള ഭാഷകളെ വളര്‍ത്തുന്നതിനും നിലനിര്‍ത്തുന്നതിനും തമിഴര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നമുക്കു മാതൃകയാവേണ്ടതുണ്ട്. ഇല്ലെങ്കില്‍ പ്രൗഢഗംഭീരമായിട്ടുപോലും സംസ്കൃതത്തിനു വന്ന ഗതി മലയാളത്തിനുമുണ്ടാകുമെന്നതില്‍ സംശയമില്ല.